Friday, April 30, 2010

ജലയുദ്ധം (War for Water)

കുടിവെള്ളത്തിനുവേണ്ടിയുള്ള ലോകയുദ്ധത്തിന്റെ തുടക്കമായിരുന്നു പ്ലാച്ചിമടയിലേത്.
കൊക്കകോളയ്‌ക്കെതിരെ 216.26 കോടി രൂപ നഷ്ടപരിഹാരത്തിലും നിയമപരമായ വിചാരണയിലും
അത് എത്തിനില്‍ക്കുന്നു. ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരേ ആഞ്ഞടിച്ച ഐതിഹാസികമായ പോരാട്ടം ഇതാ ഇവിടെവരെ...


പ്രതാപത്തിന്റെ കൂറ്റന്‍ ഇരുമ്പുഗേറ്റിന് തുരുമ്പെടുത്തു. ചായം പൂശാതെ മലിനമായ മതില്‍ക്കെട്ടില്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് കമ്പനിയെന്ന്
അഹങ്കാരത്തോടെ എഴുതിവെച്ചിരുന്ന വലിയ ബോര്‍ഡ് പൊട്ടിപ്പൊളിഞ്ഞ്
അക്ഷരങ്ങള്‍ മാഞ്ഞു. എല്ലാംകൊണ്ടും ശ്മശാനമൂകത. പ്ലാച്ചിമടയില്‍
കോളക്കമ്പനിക്കു മുന്നില്‍ അപ്പോഴും സജീവമായി സമരപ്പന്തല്‍ മാത്രം.
വിജയനഗര്‍ കോളനിയിലെ എഴുപത്തഞ്ചുകാരി കന്നിയമ്മയ്ക്ക് സമരപ്പന്തല്‍
രണ്ടാംവീടാണ്. പതിവുപോലെ കന്നിയമ്മ എത്തി; മുഷിഞ്ഞ ചേലയുടുത്ത്,
വെറ്റിലമുറുക്കി ഒരു നിയോഗം പോലെ. എട്ടുവര്‍ഷം മുമ്പ് സമരപ്പന്തലിന്റെ
ആദ്യ കാല്‍ നാട്ടുമ്പോഴും കന്നിയമ്മയുണ്ടായിരുന്നു.
എന്തിനാണ് ദിവസവും പന്തലിലേക്കു വരുന്നത് ? ''നാങ്കള്‍ക്ക് വെള്ളം
ഇല്ലാത്ത ഗതികേടിനാണ് സമരത്തിനിരുന്നത്. അല്ലാതെ സ്വത്തിനും പണത്തിനുമല്ല.
കമ്പനി വേണ്ട. ഇനി വന്നാല്‍ ഞങ്ങടെ ഉള്ള മക്കളും ചാവും. എട്ടുവര്‍ഷം
കഞ്ഞിയും വെള്ളവുമില്ലാതെ സമരപ്പന്തലിലിരുന്ന് വയ്യാതായി. അതിന്
നഷ്ടപരിഹാരം കിട്ടുമെന്ന് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. കിട്ടിയാല്‍
നന്നായി''- പാതി തമിഴിലും പാതി മലയാളത്തിലും കന്നിയമ്മ മൊഴിഞ്ഞു.
എഴുത്തും വായനയും എന്തെന്നറിയാത്ത കന്നിയമ്മമാരാണ് പ്ലാച്ചിമടയിലുള്ളത്.
ഒരു മയിലമ്മയുണ്ടായിരുന്നു. അവരുടെ പോരാട്ടമാണ് ആവേശം. പ്ലാച്ചിമട
ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് കന്നിയമ്മയ്ക്ക്
അറിയില്ല. പക്ഷേ, ഒന്നറിയാം: തങ്ങളുടെ സമരംകൊണ്ട് കമ്പനി പൂട്ടി.
''എന്താണ് കമ്പനിക്കാര്‍ ഇവിടെനിന്നു പോകാത്തത് '' -കന്നിയമ്മ
നിഷ്‌കളങ്കതയോടെ ചോദിച്ചു.
കമ്പനിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ കന്നിയമ്മയുടെ വാക്കുകള്‍ക്ക് താനേ
കനംകൂടും: ''ഞങ്ങടെ വെള്ളം കുടിക്കാന്‍ പറ്റാതാക്കിയത് ഈ കമ്പനിയാണ്.
ചൊറിയും അസുഖങ്ങളും പിടിച്ച് ആസ്​പത്രിയില്‍ കിടന്ന് മതിയായി ഞങ്ങള്‍ക്ക്.
ഇനി വയ്യ. ഞങ്ങള്‍ക്കും നല്ല വെള്ളം കുടിക്കണം.''
ഇത് കന്നിയമ്മയുടെ മാത്രമല്ല, പ്ലാച്ചിമടയിലെയും സമീപ കോളനികളിലെയും
ആദിവാസികളുടെ മുഴുവന്‍ അനുഭവമാണ്. സ്വന്തം കിണറുകളിലെ വെള്ളം
വറ്റിയപ്പോള്‍, വെള്ളം തട്ടി ചൊറിയും അസുഖങ്ങളും പെരുകിയപ്പോള്‍ തുടങ്ങിയ
പ്രതിരോധത്തിന്റെ കഥ. കോളക്കമ്പനിക്കെതിരെ ശാപവാക്കുകള്‍ ചൊരിഞ്ഞ്
രോഷത്തിന്റെ വിത്തുകള്‍ വിതച്ച് സൈക്കിളില്‍ പാഞ്ഞു നടന്നിരുന്ന ഒരു
വൃദ്ധനുണ്ടായിരുന്നു പ്ലാച്ചിമടയില്‍; ഷാഹുല്‍ഹമീദ്. കമ്പനിയുടെ
ജലമൂറ്റല്‍ മൂലം നാലേക്കര്‍ നെല്പാടം തരിശിടേണ്ടിവന്നതില്‍ ദുഃഖിതനായ
ഷാഹുല്‍ഹമീദ് ഇന്നില്ല.
പ്ലാച്ചിമടയിലെ മാതൃഭാവമായിരുന്ന മയിലമ്മയും നമുക്കു മുന്നിലില്ല.
അഞ്ചുവര്‍ഷം മുമ്പ് സമരത്തിന്റെ ഭാവി എന്താവുമെന്ന ചോദ്യത്തിന് മയിലമ്മ
പ്രതികരിച്ചതിങ്ങനെ: ''ഞങ്ങള്‍ ജയിക്കും. ഞങ്ങടെ കുടിവെള്ളം മുട്ടിച്ച
കൊക്കകോളക്ക് കോടതികളും സര്‍ക്കാരും പിന്തുണ നല്കിയാലും പ്ലാച്ചിമടയിലെ
ജനങ്ങള്‍ വിടില്ല. കമ്പനിയെ കെട്ടുകെട്ടിച്ച് നഷ്ടപരിഹാരവും തന്ന്
കോളക്കമ്പനി പടിയിറങ്ങുന്ന ഒരു ദിവസം വരും. അന്നുവരെ ഈ സമരപ്പന്തല്‍
നിറഞ്ഞിരിക്കും.'' പ്ലാച്ചിമട സമരനായികയുടെ സ്വപ്നമാണ് ഇന്ന്
യാഥാര്‍ഥ്യമായിരിക്കുന്നത്.


അറ്റ്‌ലാന്റയിലെ കോര്‍പറേറ്റ് ആസ്ഥാനത്തിരുന്ന് ലോകത്തെ
വെള്ളക്കച്ചവടം നിയന്ത്രിച്ചിരുന്ന കൊക്കകോള കമ്പനിക്ക് ആദ്യമായി കാലിടറിയ മണ്ണ്- പെരുമാട്ടി.
പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും തിങ്ങിനിറഞ്ഞ ഈ ഗ്രാമപ്പഞ്ചായത്തിന്റെ
നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ കൊക്കകോളയ്ക്ക്
മുട്ടുമടക്കേണ്ടിവന്നു



''അപാരമായ
ജലചൂഷണവും മാലിന്യനിക്ഷേപവും നടത്തി പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി
സര്‍വ നിയമങ്ങളും ലംഘിച്ചിരിക്കുന്നു. വിവിധ മേഖലകളിലായി കമ്പനി
ജനങ്ങള്‍ക്കുണ്ടാക്കിയ നഷ്ടം 216.26 കോടി രൂപ. നഷ്ടം ഈടാക്കാന്‍
ട്രൈബ്യൂണല്‍ രൂപവത്കരിച്ച് കമ്പനിയെ നിയമപരമായി വിചാരണ ചെയ്യണം.''
മാര്‍ച്ച് 22-ലെ ലോകജലദിനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍
അധ്യക്ഷനായ പ്ലാച്ചിമട ഉന്നതാധികാര സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗമാണിത്.
ഒരുപക്ഷേ, ലോകത്തുതന്നെ അപൂര്‍വം. ഭൂജല ചൂഷണത്തിനെതിരേ,
കൊക്കകോളയ്‌ക്കെതിരേ ഒരു ജനാധിപത്യ സര്‍ക്കാറിന് വിദഗ്ധ സമിതി
ഉണ്ടാക്കേണ്ടി വന്നിരിക്കുന്നു. ജനങ്ങളുടെ വിജയമാണിത്. ഇതും ആദ്യ
സംഭവമായിരിക്കാം. ഇനി ട്രൈബ്യൂണല്‍ വരുമ്പോള്‍, നിയമപരമായ വിചാരണ
തുടങ്ങുമ്പോള്‍ വീണ്ടും പ്ലാച്ചിമട ചരിത്രമെഴുതും.
''ലോകത്ത് കുടിവെള്ളം കിട്ടാതെ നരകിക്കുന്നത് 110 കോടി ജനങ്ങള്‍.
ആറിലൊരാള്‍ക്ക് കുടിക്കാന്‍ നല്ല വെള്ളം കിട്ടുന്നില്ല. ദിവസം 3,900
കുട്ടികള്‍ വെള്ളം കിട്ടാത്തതിനെത്തുടര്‍ന്നുള്ള അസുഖങ്ങള്‍മൂലം ലോകത്ത്
മരിക്കുന്നു''- വേള്‍ഡ് വാട്ടര്‍ ഫോറത്തിന്റെ സംഘാടകരായ വേള്‍ഡ് വാട്ടര്‍
കൗണ്‍സിലിന്റെ റിപ്പോര്‍ട്ടാണിത്. ഇന്ത്യയില്‍ 128 ദശലക്ഷം പേരാണ്
കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്നത്.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും നമ്മുടെ ഞാറ്റുവേലകളില്‍ മാറ്റം
വരുത്തുമ്പോള്‍ അതിനേക്കാള്‍ ഭയാനകമാണ് ദാഹജലം കിട്ടാത്ത അവസ്ഥ.
അതുകൊണ്ടാണ് വരുന്ന ലോകയുദ്ധം കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന്
പ്രശസ്ത കനേഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തക മൗഡ് ബാര്‍ലോ 'ബ്ലൂ ഗോള്‍ഡ്'
എന്ന തന്റെ വിഖ്യാത പുസ്തകത്തിലെഴുതിയത്.
ലോകത്തെ 31 രാജ്യങ്ങള്‍ അതിരൂക്ഷമായും 17 രാജ്യങ്ങള്‍ ഭാഗികമായും
കുടിവെള്ളക്ഷാമം അനുഭവിക്കുമ്പോള്‍ വര്‍ഷം 80,000 കോടി ഡോളറിന്റെ
കുടിവെള്ള ക്കച്ചവടമാണ് ബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്നത്.

ചരിത്രമെഴുതിയ പെരുമാട്ടി


അറ്റ്‌ലാന്റയിലെ
കോര്‍പ്പറേറ്റ് ആസ്ഥാനത്തിരുന്ന് ലോകത്തെ വെള്ളക്കച്ചവടം
നിയന്ത്രിച്ചിരുന്ന കൊക്കകോള കമ്പനിക്ക് ആദ്യമായി കാലിടറിയ മണ്ണ്.
പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും തിങ്ങിനിറഞ്ഞ ഈ ഗ്രാമപ്പഞ്ചായത്തിന്റെ
നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ കൊക്കകോളയ്ക്ക്
മുട്ടുമടക്കേണ്ടിവന്നു. അന്നത്തെ പ്രസിഡന്റ് എ. കൃഷ്ണനും
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും അവര്‍ക്കൊപ്പം സര്‍വപിന്തുണയുമായി ജനതാദള്‍
നേതാവ് മുന്‍ എം.എല്‍.എ. കെ.കൃഷ്ണന്‍കുട്ടിയും നിലയുറപ്പിച്ചപ്പോള്‍
തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
കോള കോടികള്‍ വാഗ്ദാനം ചെയ്തിട്ടും കൃഷ്ണന്‍ പിന്മാറിയില്ല.
പെരുമാട്ടിയില്‍ പ്രസരിക്കുന്ന ഗാന്ധിജിയുടെ സാന്നിധ്യമെന്നാണ് സുകുമാര്‍
അഴീക്കോട് ഇതിനെ വിശേഷിപ്പിച്ചത്.
വികസനത്തിന്റെ വാഗ്ദാനവുമായി കൊക്കകോള വരുമ്പോള്‍ ജനങ്ങള്‍ക്ക് തൊഴില്‍
കിട്ടുമെന്നേ ഗ്രാമപ്പഞ്ചായത്ത് കരുതിയുള്ളൂ. 2000 ജൂണ്‍ മൂന്നിന്
പ്രവര്‍ത്തനാനുമതി നല്‍കി. എന്നാല്‍ ബഹുരാഷ്ട്രഭീമന്റെ ചൂഷണത്തില്‍
നീരുറവകള്‍ വറ്റിയപ്പോള്‍ നാട്ടുകാരും ഗ്രാമപ്പഞ്ചായത്തും കൊടുംചതി
തിരിച്ചറിഞ്ഞു. താത്കാലികമായി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയ 2004
മാര്‍ച്ച് 9 വരെ കോള ഉപയോഗിച്ചത് 68.50 കോടി ലിറ്റര്‍ വെള്ളം.
അമിത ജലചൂഷണവും ആരോഗ്യപരിസ്ഥിതി പ്രശ്‌നങ്ങളും വര്‍ധിച്ചപ്പോള്‍ 2003 മെയ്
17 മുതല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്താന്‍ പഞ്ചായത്ത് ഉത്തരവിറക്കി.
പിന്നെ നിരന്തരം നിയമയുദ്ധങ്ങള്‍.
ഭൂഗര്‍ഭജലം പൊതുസ്വത്താണെന്നും ജലചൂഷണത്തിന് കമ്പനിയെ
അനുവദിക്കരുതെന്നുമുള്ള ഹൈക്കോടതിയുടെ സുപ്രധാന വിധി പെരുമാട്ടി
പഞ്ചായത്ത് നേടിയെടുത്ത പൊന്‍തൂവലാണ്. കോളയെ ചെറുക്കാന്‍ ഇപ്പോള്‍
സുപ്രീംകോടതിയിലാണ് പെരുമാട്ടിയുടെ പോരാട്ടം.
കൊക്കകോള വരുത്തിവെച്ച നാശനഷ്ടങ്ങള്‍ പഠിച്ച് ഉന്നതാധികാരസമിതിക്ക്
മുന്നില്‍ നഷ്ടപരിഹാരമായി ഗ്രാമപ്പഞ്ചായത്ത് 86.35 കോടിയാണ്
ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപ്പെട്ട ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍
ഇവിടെ 68 കോടിരൂപ വേണ്ടിവരും.

വഴികാട്ടിയത് ലോക ജലസമ്മേളനം


ജലം ജന്മാവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ലോകം മുഴുവന്‍
ഒത്തുചേര്‍ന്ന ദിവസങ്ങള്‍. 2004 ജനവരി 21, 22, 23 തിയതികളില്‍
പ്ലാച്ചിമടയിലും പുതുശ്ശേരിയിലും നടന്ന 'ലോക ജലസമ്മേളനം' പുതിയൊരു
ചരിത്രമെഴുതി. ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ബാലന്‍സ്
തെറ്റിക്കുമ്പോള്‍ ലോകം നേരിടുന്ന ജല പ്രതിസന്ധിയെക്കുറിച്ച് ആറുവര്‍ഷം
മുമ്പേ മുന്നറിയിപ്പു നല്‍കിയ സമ്മേളനം.
അവിടെ എല്ലാവരുമുണ്ടായിരുന്നു. അക്ഷരം കൂട്ടിവായിക്കാനറിയാത്ത പ്ലാച്ചിമട
സമരനായിക മയിലമ്മ, അടുത്ത ലോകയുദ്ധം ജലത്തിനായിരിക്കുമെന്ന് നമ്മെ
ഓര്‍മിപ്പിച്ച 'ബ്ലൂ ഗോള്‍ഡി'ന്റെ രചയിതാവ് മൗഡ് ബാര്‍ലോ, ഫ്രാന്‍സിലെ
കര്‍ഷക നേതാവ് ഹോകസബുവെ, ഡോ. വന്ദനശിവ, അഫ്‌ളാടൂണ്‍, മഗ്‌സാസെ അവാര്‍ഡ്
ജേതാവ് രാജേന്ദ്രസിങ്, സുകുമാര്‍ അഴീക്കോടിനെപ്പോലുള്ള സാംസ്‌കാരിക
നായകര്‍, കവികള്‍, എഴുത്തുകാര്‍, വി.എസ്. അച്യുതാനന്ദനും വീരേന്ദ്രകുമാറും
ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍, പിന്നെ തൃശ്ശൂരിലെ സല്‍സബീല്‍
സ്‌കൂളിലെ കുരുന്നുകളും- എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നു.
പ്ലാച്ചിമട സമരത്തിന്റെ വിജയമായിരുന്നു ജലസമ്മേളനം. ലോകം നേരിടുന്ന
ജലപ്രതിസന്ധിക്കെതിരെ വെള്ളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ
കൊടുങ്കാറ്റായി ആഞ്ഞടിച്ച പ്ലാച്ചിമട പ്രഖ്യാപനം ലോകത്തെ മുഴുവന്‍
പ്രകമ്പനം കൊള്ളിച്ചു. പ്ലാച്ചിമടയില്‍നിന്നുയര്‍ന്ന ആവേശത്തിനു മുന്നില്‍
കൊക്കകോള പത്തിമടക്കിയപ്പോഴാണ് ഗാന്ധിജിയുടെ നാട്ടില്‍നിന്നുയര്‍ന്ന
നിശ്ശബ്ദ സമരത്തിന്റെ വില ലോകം തിരിച്ചറിഞ്ഞത്. അഹിംസാമന്ത്രമായിരുന്നു
പ്ലാച്ചിമട സമരത്തിന്റെയും ശക്തി.
''ഭൂര്‍ഗഭജലവും പ്രകൃതിവിഭവങ്ങളും പൊതുസ്വത്താണെന്ന'' താണ് പ്ലാച്ചിമട പ്രഖ്യാപനം.

ഭൗമദിനത്തില്‍ തുടങ്ങി അന്തിമവിധി ജലദിനത്തില്‍


2002 ഏപ്രില്‍ 22-ലെ ഒരു ഭൗമദിനത്തിലാണ് പ്ലാച്ചിമടയില്‍ കോളക്കമ്പനിക്കു
മുന്നില്‍ സമരക്കുടില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ മാര്‍ച്ച് 22-ലെ
ജലദിനത്തില്‍ കോളക്കമ്പനിയെ കോടതി കയറ്റാനുള്ള
അന്തിമവിധിയുമുണ്ടായിരിക്കുന്നു; എട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം.


........................................

സുനിത നാരായണ്‍
ഡയറക്ടര്‍, സെന്‍ര്‍ ഫോര്‍
സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്


നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് ആശ്വാസകരം തന്നെ. എന്നാല്‍ പ്ലാച്ചിമടയുടേയും സമീപപ്രദേശങ്ങളുടേയും
നഷ്ടം അതിലേറെ വലുതാണ്. അത് നികത്തുക എളുപ്പമല്ല.

.......................................

എം.പി. വീരേന്ദ്രകുമാര്‍


വെള്ളം സമൂഹത്തിന്‍േറതാണ്. അതൊരിക്കലും കോര്‍പറേറ്റുകളുടെ ആധിപത്യത്തിലാവരുത്. വെള്ളത്തിനുവേണ്ടി വാദിക്കുന്നവരുടെ മുമ്പില്‍ കുത്തകക്കമ്പനികളും
സാമ്രാജ്യങ്ങളും തകരുകതന്നെ ചെയ്യും.

........................................

മൗഡ് ബാര്‍ലോ
പരിസ്ഥിതി പ്രവര്‍ത്തക, കനഡ


കൊക്കകോള കമ്പനിക്കെതിരെ പ്ലാച്ചിമട ഗ്രാമം നടത്തുന്ന സമരം ധീരവും ശക്തവുമാണ്. ലോകം മുഴുവന്‍ ഇവിടേക്ക് ഉറ്റുനോക്കുന്നു. പ്ലാച്ചിമട ഉയര്‍ത്തിപ്പിടിക്കുന്ന
കാര്യം ലോകം മുഴുവന്‍ ഏറ്റുപിടിക്കുന്ന ഒരു
കാലം വരും.

.....................................

ഡോ. വന്ദനശിവ


പ്ലാച്ചിമടയിലെ ജനങ്ങള്‍ അവരുടെ ജനാധിപത്യശക്തികൊണ്ട് എതിര്‍ത്തു തോല്പിച്ചത് ലോകത്തെ
ഏറ്റവും പ്രബലമായ ബഹുരാഷ്ട്ര കുത്തകക്കമ്പനിയെയായിരുന്നു. ജലം മോഷ്ടിച്ചു
വിറ്റ് കൊള്ളലാഭം കൊയ്യാനുള്ള
ശ്രമമാണ് തകര്‍ത്തത്.



Courtesy:
പി.സുരേഷ്ബാബു(മാതൃഭൂമി)